Wednesday, 20 July 2016

               അക്കരെയിക്കരെ പോവാനൊരു പുഴ
പുഴയിൽ നീന്തുമ്പോൾ 
പല പല സ്നേഹങ്ങളുടെ 
കുട്ടിക്കരണം മറിച്ചിലുകൾ..,
പുഴയോളം പോന്ന ആര്ദ്രത 
കോരി നിറച്ച
അനേകമനേകം മീൻകണ്ണുകൾ..,
കമിഴ്ന്നു നീന്തുമ്പോൾ
ഒരൊറ്റ തലോടലിൽ തന്നെ
അകത്തെ അങ്കലാപ്പിനെ
കഴുകിക്കളയുന്ന
അലകളുടെ സ്നേഹം...,
മലര്ന്നു നീന്തുമ്പോൾ
മിനുമിനുത്ത ചെകിളപ്പൂക്കളെ
ധ്യാനിക്കുന്ന ആകാശപ്പൊട്ട്
അങ്ങ് വിദൂരതയിൽ.
ചുഴിയിൽ മുങ്ങി നിവരുമ്പോൾ
പിഴിഞ്ഞു കളയാൻ
കടലോളം പരന്ന സങ്കടങ്ങൾ...,
ആഴങ്ങളിൽ മുങ്ങാംകുഴിയിടുമ്പോൾ
അടഞ്ഞ സ്നേഹങ്ങളെ
അനുസ്മരിപ്പിക്കുന്ന
വഴുവഴുത്ത കല്ലുമ്മക്കായകൾ..,
പുഴയിലെങ്ങനെ തുഴഞ്ഞാലും
തല തുവർത്തുമ്പോൾ
വെറുമൊരു തോർത്തിൽ
ഒപ്പിയെടുക്കാം
നമുക്കകത്തെ മീൻവെട്ടം !
ഇതുകൊണ്ടൊക്കെയാവണം
ആരോ പറഞ്ഞു തന്നത്;
അകമെത്തുവോളം
തുഴഞ്ഞു തുഴഞ്ഞു പോവാനൊരു
പുഴവേണമെന്ന്!!

No comments:

Post a Comment